Friday 10 February 2012

   കാഞ്ഞിരപ്പള്ളിയിലെ സമ്പന്നമായ ഒരു കുടുംബത്തിലാണ് അന്തോനിച്ചന്‍ ജനിച്ചത്. ഒന്നാന്തരം നൂറേക്കര്‍ റബ്ബര്‍ത്തോട്ടം വീതം കിട്ടാനുണ്ട്. സുന്ദരന്‍. ആരോഗ്യവാന്‍. വിദ്യാസമ്പന്നന്‍. മാരിയേജു മാര്‍ക്കറ്റില്‍ നല്ല ഡിമാന്റുള്ള പയ്യന്‍. പക്ഷേ, പയ്യന്‍ ഈ സൗഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് നസ്രായന്റെ പിറകേ ഇറങ്ങിത്തിരിച്ചു. അതും പ്രായപൂര്‍ത്തി വോട്ടവകാശമൊക്കെ ലഭിച്ചിട്ടു ശരിക്കും ചിന്തിച്ചതിനുശേഷം. ഇപ്പനിതിവിടെ ഇത്രയും വിസ്തരിച്ചത് ഇപ്പന്റെ അമ്മാച്ചന്റെ ത്യാഗമഹത്ത്വത്തെ പ്രകീര്‍ത്തിക്കാന്‍വേണ്ടി മാത്രമല്ല. അദ്ദേഹത്തെപ്പോലെ ഭൗതികസുഖഭോഗങ്ങളെല്ലാം ത്യജിച്ച് സ്‌നേഹത്തിന്റെയും സേവനത്തിന്റെയും കണ്ടകാകീര്‍ണ്ണമായ പാതയിലേക്ക് ഇറങ്ങിത്തിരിച്ച ലക്ഷക്കണക്കിനു വൈദികരെയും കന്യാസ്ത്രീകളെയും ആദരപൂര്‍വ്വം സ്മരിക്കാന്‍ ഒരു സന്ദര്‍ഭം ഒരുക്കുകയും കൂടിയായിരുന്നു. പക്ഷേ, അങ്ങനെ നന്മ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് സഭയില്‍ നിസ്സഹായരാണ്. സത്യത്തില്‍ അങ്ങനെയുള്ളവരുടെ കരങ്ങള്‍ക്കു ശക്തിപകരുക എന്നതാണ് ഇപ്പന്റെ ഉന്നം. 

         കൗമാരത്തിന്റെ ചോരത്തിളപ്പില്‍ ഒരു ഘട്ടത്തില്‍ വീട്ടിലും ഞാന്‍ റിബലായിരുന്നു. ഒരു ദിവസം അമ്മയുടെ മുക്കാല്‍ പവന്റെ ഒരു മാല കട്ടുകൊണ്ട് ഞാന്‍ വീട്ടില്‍നിന്ന് ഒളിച്ചോടി. കോട്ടയത്തും ചങ്ങനാശ്ശേരിയിലും ഉള്ള സകല സ്വര്‍ണ്ണക്കടകളിലും വില്‍ക്കാന്‍ ശ്രമിച്ചു. നടന്നില്ല. കൈയിലുള്ള കാശിനു ടിക്കറ്റെടുത്തു മദ്രാസിലെത്തി. മനസ്സില്‍ മുഴുവന്‍ അന്തോനിച്ചായനായിരുന്നു. പിന്നെ ഗബ്രിയേല്‍ ബ്രദേഴ്‌സിന്റെ അടിപൊളി ശാപ്പാടും. അന്നൊക്കെ ഇപ്പന് ഒരു കാട്ടുപോത്തിനെത്തിന്നാനുംമാത്രം വിശപ്പുണ്ടായിരുന്നു. ഇന്നും കുറവല്ല. ചെന്നപ്പോഴേ അന്തോനിച്ചായന്‍ ഒരു കള്ളച്ചിരിയോടെ കാര്യം പറഞ്ഞു. ''ഇങ്ങനെ ഒളിച്ചോടി വരുന്നവര്‍ക്കൊക്കെ വെറുതെ ഉണ്ടു താമസിക്കാന്‍ ഇതു സത്രമൊന്നുമല്ല. ഇതു സഭയുടെ സമ്പത്താണ്. നിനക്കു ചെലവിനു തരേണ്ടത് നിന്റെ അപ്പനാണ്. അപ്പനെഴുതൂ'' ഞാനപ്പനെഴുതി. മറുപടി വന്നു. വക്കീല്‍ ഭാഷയില്‍ത്തന്നെ. ''മക്കള്‍ കൂടെ താമസിച്ചാല്‍ ചെലവിനു തരാനേ വകുപ്പുള്ളൂ. നീ തിരിച്ചു വരൂ. ഞാന്‍ ചെലവിനു തരാം'' എഴുത്തു ഞാന്‍ അന്തോനിച്ചായനെക്കാണിച്ചിട്ടു പറഞ്ഞു. ''അന്തോനിച്ചായനെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാന്‍ പൊയ്‌ക്കൊള്ളാം. '' പെട്ടെന്നു വന്നു മറുപടി. ''ബുദ്ധിമുട്ടാന്‍ നീ എന്റെ തലയിലൊന്നും അല്ലല്ലോ നില്‍ക്കുന്നത്. പക്ഷേ, ഇവിടെ വെറുതെ ഉണ്ടു താമസിക്കാന്‍ പറ്റില്ല. അന്ധന്മാര്‍ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യണം.'' അന്തോനിച്ചായന്‍ അന്ന് ഒറ്റയ്ക്ക് കുറെ അന്ധന്മാരുമായി പല്ലാവരത്തു താമസിക്കുകയാണ്. അന്ധന്മാരോടൊപ്പം ചേര്‍ന്ന് ഞാന്‍ കഠിനാദ്ധ്വാനം ആരംഭിച്ചു. പച്ചക്കറിത്തോട്ടം വെച്ചു പിടിപ്പിച്ചു. ചാണകംവാരി പച്ചക്കറിക്കുവെച്ചു. കമ്പോസ്റ്റുകോരി തെങ്ങിനിട്ടു. എല്ലാത്തിനും കാര്‍ന്നോരും ഞങ്ങളുടെ മുമ്പിലുണ്ട്. പക്ഷേ, അടിപൊളി ശാപ്പാടു പ്രതീക്ഷിച്ചുവന്ന എനിക്ക് നിരാശയായിരുന്നു ഫലം. രാവിലെ ഉപ്പുമാവും ചക്കരയും. അല്ലെങ്കില്‍ ദോശയും കടലയരച്ച ചമ്മന്തിയും. ഉച്ചയ്ക്കു സാമ്പാറും കൊളമ്പും പച്ചരിച്ചോറുംമാത്രം. വൈകിട്ടു ചപ്പാത്തീം പച്ചക്കറിയും. ആഴ്ചയില്‍ രണ്ടുനേരം മാത്രം ഇറച്ചി. വരവുപാല്‍പ്പൊടിത്തൈരുമാത്രം മടുമടാന്ന് എപ്പോള്‍വേണമെങ്കിലും കുടിക്കാം. പക്ഷേ, ഒരു ജീവിതസത്യം ഞാന്‍ മനസ്സിലാക്കി. നന്നായി അദ്ധ്വാനിച്ചുകഴിയുമ്പോള്‍ ആ പച്ചരിച്ചോറിനുപോലും ഒരു പ്രത്യേക സ്വാദുണ്ട്. അദ്ധ്വാനിക്കുന്ന തൊഴിലാളിക്ക് കട്ടന്‍കാപ്പി മോന്തുമ്പോള്‍ കിട്ടുന്ന സുഖം പണക്കാരന് സ്‌കോച്ചുവിസ്‌കി അടിച്ചാല്‍ കിട്ടണമെന്നില്ല. എന്റെ അപ്പന്റെ ഒരു കസിനച്ചന്‍ അന്നു താമ്പരം പള്ളിയിലെ വികാരിയാണ്. അദ്ദേഹത്തിന്റെ കോക്കി നല്ല കൈപ്പുണ്യമുള്ളവനായിരുന്നു. ബുദ്ധിമാനും സ്‌നേഹസമ്പന്നനുമായ അദ്ദേഹം ഒരിക്കല്‍ എന്നോടു പറഞ്ഞു: ''അങ്ങേരുടെ അവിടെ ശാപ്പാടൊക്കെ ഒരു വകയായിരിക്കും. നിന്റെ നല്ല പ്രായമല്ലേ. പകലൊക്കെ നീ ഇവിടെ വന്നു നിന്നു ശാപ്പാടൊക്കെ കഴിഞ്ഞ് അങ്ങേര്‍ക്കു വിഷമമുണ്ടാകാതിരിക്കാന്‍ രാത്രി അവിടെപോയി കിടന്നോ'' എങ്കിലും എനിക്ക് ഉപ്പുമാവും ചക്കരയുമായി അന്തോനിച്ചായന്റെ കൂടെ കഴിയാനായിരുന്നു ഇഷ്ടം.

    എന്റെ അപ്പന്റെ വഴിക്കും അമ്മയുടെ വഴിക്കുമായി അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും ഒരു പട തന്നെയുണ്ട്. അവരുടെയൊക്കെ മുമ്പില്‍ ഒരു 'നല്ല പിള്ള' യാണു ഞാന്‍. സത്യത്തില്‍ എനിക്കവരെയെല്ലാം ഒത്തിരി ഇഷ്ടമാണ്. പക്ഷേ, ഈ പുസ്തകം ഞാന്‍ പ്രസിദ്ധീകരിക്കുന്നതോടുകൂടി അവരില്‍ പലരും എന്നോടു കൂട്ടുവെട്ടുമെന്നു ഞാന്‍ ഭയപ്പെടുന്നു. എന്തുചെയ്യാം? അവരുടെയെല്ലാം മുമ്പില്‍ നല്ല പിള്ളയാകാന്‍ വേണ്ടി എനിക്ക് നസ്രായനായ യേശു പറയുന്നത് അനുസരിക്കാതിരിക്കാന്‍ പറ്റുമോ? എന്റെ അമ്മയുടെ അനുജത്തിമാര്‍ രണ്ടുപേര്‍ എസ്.ഡി. സിസ്റ്റേഴ്‌സാണ്. തെയ്യാമ്മ ഇളയമ്മയും പെണ്ണമ്മ ഇളയമ്മയും. അവരെന്നെ ഒരുപാടു സ്‌നേഹിക്കുന്നു. എനിക്കവരെയും അതുപോലെ സ്‌നേഹമാണ്. അവരില്‍ തെയ്യാമ്മ ഇളയമ്മയ്ക്ക് ഞാനിങ്ങനെ ഒരു 'കാണാതെ പോയ കുഞ്ഞാടാ'യതില്‍ വളരെ ദുഃഖമുണ്ട്. തെയ്യാമ്മ ഇളയമ്മ ഒരിക്കല്‍ അന്തോനിച്ചനോടു പറഞ്ഞു. ''ഇവന് ഒരു കൗണ്‍സിലിങ്ങ് കൊടുക്കണം.'' ഞാനന്തോനിയച്ചനോട് ഒരു മണിക്കൂറോളം തുറന്നു സംസാരിച്ചു. അന്തോനിച്ചായന്‍ നല്ല ഒരു ലിസണറാണ്. ഞാന്‍ സഭയുമായി ഒരു സൗന്ദര്യപ്പിണക്കത്തിലാണെന്ന കാര്യം തുറന്നു സമ്മതിച്ചു. അതിന്റെ കാരണങ്ങളും വിശദീകരിച്ചു. എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടിട്ട് അന്തോനിച്ചായന്‍ പറഞ്ഞു. ''നീ പറഞ്ഞ മിക്ക കാര്യങ്ങളോടും ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.'' ഒരുപക്ഷേ, ആ കൗണ്‍സിലിങ്ങിനൊക്കെശേഷമാണ് ഞങ്ങള്‍ ഹൃദയംകൊണ്ടു കൂടുതല്‍ അടുത്തതെന്നു തോന്നുന്നു.

1 comment: